കാഞ്ഞിരപ്പള്ളി: നിർമാണം പുരോഗമിക്കുന്ന കാഞ്ഞിരപ്പള്ളി - മണിമല കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തീകരിക്കാൻ റോണി കെ. ബേബി എംഎൽഎ വിളിച്ചു ചേർത്ത ഉന്നതല യോഗത്തിൽ തീരുമാനമായി.
മണ്ഡല കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് മുന്നിൽ കണ്ടും റോഡ് നിർമാണം വൈകുന്നതുമൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും നിർമാണം അടിയന്തരമായി പൂർത്തീകരിക്കാൻ എംഎൽഎ നിർദേശിച്ചു. യോഗത്തിൽ നിർവഹണ ഏജൻസിയായ കെആർഎഫ്ബി, കെഎസ്ഇബി, വാട്ടർ അഥോറിറ്റി എന്നിവയിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ബൈപാസുമായി ബന്ധപ്പെട്ട യോഗവും കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്നിരുന്നു. നിലവിൽ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം വേഗം പണി പൂർത്തീകരിക്കാൻ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരള ലിമിറ്റഡിന് നിർദേശം നൽകി.
ആദ്യ റീച്ചിൽ എട്ടു കിലോമീറ്റർ
കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ മണ്ണനാനി പാലം വരെ എട്ടു കിലോമീറ്റർ ആണ് ആദ്യ റീച്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ മണ്ണനാനി പാലത്തിന്റെ നിർമാണം ദൃതഗതിയിൽ നടന്നുവരികയാണ്.
വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. കലുങ്കുകളുടെയും ഓടകളുടെയും നിർമാണവും പൂർത്തിയായി വരികയാണ്.